ഗോഹട്ടി: യുണൈറ്റഡ് പീപ്പിൾസ് റവല്യൂഷണറി ഫ്രണ്ട് (യുപിആർഎഫ്) സ്വയംപ്രഖ്യാപിത കമാൻഡർ ഇൻ ചീഫ് വെടിയേറ്റു മരിച്ചു. സ്വന്തം കേഡർമാർ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. ആസാമിലെ കാർബി ആംഗ്ലോംഗ് ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം.
ഗ്രൂപ്പിലെ നേതാക്കൾ തമ്മിലുള്ള ആഭ്യന്തരപ്രശ്നത്തെ തുടർന്നായിരുന്നു വെടിവയ്പുണ്ടായതെന്ന് പറയുന്നു. മംഗിൻ ഖൽഹ്വ എന്ന ആസാം വീരപ്പനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് നിരവധി തവണ വെടിയേറ്റിട്ടുണ്ട്. സ്വന്തം കേഡർമാരാണ് ഇയാളെ വെടിവെച്ചുകൊന്നതെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബൊകാജനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. വീരപ്പൻ എന്നറിയപ്പെടുന്ന മംഗിൻ ഖൽഹ മാത്രമാണ് ഈ സംഘത്തിലെ മുതിർന്ന അംഗം. മരം കള്ളക്കടത്തിൽ പങ്കുണ്ടെന്നാരോപിച്ച് നിരവധി നേതാക്കളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. മറ്റ് നിരവധി പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക