ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉടനെ അവസാനിക്കില്ല അതുകൊണ്ടു തന്നെ വർധിച്ച ജാഗ്രത വേണമെന്ന് കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുകയാണ്. കേരളത്തിലെ കോവിഡ് വ്യാപനം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ കൂടുതലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.
ഒരാളിൽ നിന്ന് ഒന്നിലധികം ആളുകൾക്ക് കോവിഡ് വ്യാപിക്കുന്നത് കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ്. അതായത് നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിലധികം ആളുകളിലേക്ക് പുതിയതായി കോവിഡ് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപന തോത് കൂടിയ അളവിലായിരിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ അവസ്ഥയാണുള്ളത്.
അതേസമയം, നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിൽ കുറവ് ആളുകളിലേക്ക് മാത്രമാണ് കോവിഡ് വ്യാപിക്കുന്നതെങ്കിൽ വ്യാപന തോത് കുറയുകയാണ്. കോവിഡ് തരംഗം അവസാനിക്കണമെങ്കിൽ ഈ പ്രവണത പ്രകടമാകണം.
രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമാണെങ്കിലും എട്ട് സംസ്ഥാനങ്ങളിലെ പ്രവണത മറിച്ചാണ്. അതുകൊണ്ടു തന്നെ കൂടുതൽ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാകുകയുള്ളൂവെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക