ടോക്കിയോ: തോൽവിയുടെ വക്കിൽ നിന്ന് എതിരാളിയെ മലർത്തിയടിച്ച ഇന്ത്യയുടെ രവികുമാർ ദാഹിയ ഫൈനലിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക്സ് 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ അതിശയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യൻ താരം മെഡൽ ഉറപ്പിച്ചു.
അവസാന 65 സെക്കൻഡുകളിൽ 9-2 എന്ന സ്കോറിൽ തോൽവി ഉറപ്പിച്ച ഇടത്തുനിന്നായിരുന്നു ദാഹിയയുടെ ഗംഭീര തിരിച്ചുവരവ്. കസാഖിസ്ഥാൻറെ നൂറിസ്ലാം സനയേവിനെയാണ് രവികുമാർ പരാജയപ്പെടുത്തിയത്. അനായാസം ജയിക്കുമെന്ന വിശ്വാസത്തിൽ ഗോദയിലെത്തിയ രവികുമാറിനെ കസാക്ക് താരം ഞെട്ടിച്ചു. 2-1 ന് തുടക്കത്തിലേ മുന്നിലെത്തിയ സനയേവ് ആദ്യ പകുതിയിൽ 9-2 ൻറെ ലീഡ് സ്വന്തമാക്കി.
രവികുമാറിനെ മലർത്തിയടിച്ച് പലവട്ടം തറയിൽ കറക്കിയാണ് സനയേവ് ലീഡ് എടുത്തത്. ഇതോടെ കസാക്ക് ഗുസ്തിക്കാരൻ സ്വപ്ന ഫൈനൽ ഉറപ്പിച്ചു. എന്നാൽ തോറ്റ് കൊടുക്കാൻ രവികുമാറിന് മനസുണ്ടായിരുന്നില്ല.
മൂന്നു മിനിറ്റിൻറെ രണ്ടാം പകുതിയിൽ ലീഡിൻറെ ബലത്തിൽ പ്രതിരോധം തീർത്ത സനയേവിനെ രണ്ട് മിനിറ്റുകളിൽ രവികുമാറിന് ഒന്നും ചെയ്യാനായില്ല. ഇന്ത്യൻ ആരാധകർ തോൽവി ഉറപ്പിച്ച നിമിഷം രവികുമാർ ഒരു കൊള്ളിമീൻ പ്രകടനത്തിലൂടെ സനയോവിനെ പിടികൂടി മലർത്തിയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക