എംഎസ്എഫ് വനിതാസംഘടനയായ ഹരിതയുടെ നേതാക്കളുടെ പരാതിക്ക് പിന്നില്‍ പ്രത്യേക അജന്‍ഡയെന്ന് ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പ്രതികരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിലുള്ള അതൃപ്തിയാണ് യഥാര്‍ഥ കാരണം. സഞ്ചിപിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവരുടെ മുന്നില്‍ നിവര്‍ന്നു തന്നെ നില്‍ക്കുമെന്നും നവാസ് ഫെയ്സ് ബുക്കില്‍ കുറിച്ചു. എംഎസ്എഫ് വനിതാസംഘടനയായ ഹരിതയുടെ നേതാക്കള്‍ വനിതാകമ്മിഷനില്‍ പരാതി നല്കി. പ്രശ്നം വനിതാലീഗ് ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് അറിയിച്ചു.
ജൂണ്‍ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പൊതുമധ്യത്തില്‍ സംസാരിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ അശ്ലീലച്ചുവയോടെയാണ് ചിത്രീകരിക്കുന്നതെന്നും വനിത കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം ഹരിതയുടെ പരാതിയില്‍ അന്വേഷണം വേണമെന്നും അടുത്തയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു. വനിത നേതാക്കളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് വനിത കമ്മീഷനംഗം ഷാഹിദ കമാല്‍ കാസര്‍കോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക