ബെംഗളൂരു: കർണാടകയിലെ യാദ്ഗീർ ജില്ലയിലെ ഷഹാപൂർ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിൽ ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബർ മൂന്നിന് അർദ്ധരാത്രിക്ക് ശേഷം പെൺകുട്ടിയുടെ ഭർത്താവ് വീട്ടിൽ ഇല്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ ഗംഗപ്പ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി. പിന്നീട് മോട്ടോർ സൈക്കിളിൽ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാൾ പെൺകുട്ടിയെ തീവയ്ക്കുകയായിരുന്നു.
തീ ആളിക്കത്തുന്നതും, പെൺകുട്ടിയുടെ നിലവിളിയും കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ഇവർ തീ അണച്ച് പെൺകുട്ടിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കൽബുർഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബർ നാലിന് രാവിലെ ഇവരുടെ മരണം സംഭവിച്ചു. മരണത്തിന് മുൻപ് തന്നെ പൊലീസ് പെൺകുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക