സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) പരാതി നൽകി. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കർഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ടുള്ള കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെയാണ് ഗുരുദ്വാര സമിതി പൊലീസിനെ സമീപിച്ചത്.
കങ്കണ സോഷ്യൽ മീഡിയ കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
ലോകവ്യാപകമായി സിഖ് സമുദായത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള നിന്ദ്യവും അപകീർത്തിപരവുമായ നടപടിയാണ് കങ്കണയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പരാതിയിൽ പറയുന്നു. ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദൾ നേതാവുമായ മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക