അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ-ദി റൈസ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലർ ഡിസംബർ ആറിന് എത്തുമെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. ഡിസംബർ 17നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ, വെണ്ണേല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീതേജ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് സംഗീതവും, കാർത്തിക ശ്രീനിവാസാണ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്റേയും മുട്ടംസേട്ടി മീഡിയയുടേയും ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.
കിടിലൻ മേക്കോവറിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ലോറി ഡ്രൈവറുടെ വേഷത്തിലാണ് അല്ലു അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. താടിയും മുടിയുമൊക്കെ വളർത്തിയ ലുക്കിലാണ് അല്ലു അർജുനെ പോസ്റ്ററിൽ കാണുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
Allu Arjun’s new poster for Pushpa released; Trailer on December 6th
പ്രതികരിക്കാൻ ഇവിടെ എഴുതുക