Home KERALA ഭൂവിതരണ ഡാഷ് ബോര്‍ഡ് ഉണ്ടാക്കും ഭൂമിയുടെ അവകാശം നല്‍കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: റവന്യുമന്ത്രി

ഭൂവിതരണ ഡാഷ് ബോര്‍ഡ് ഉണ്ടാക്കും ഭൂമിയുടെ അവകാശം നല്‍കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: റവന്യുമന്ത്രി

കണ്ണൂര്‍ :അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്് ഹാളില്‍ റവന്യു വകുപ്പ് അവലോകന ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് അത് നല്‍കുന്നതിനൊപ്പം ഇതാദ്യമായി ഭൂരഹിതരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അങ്ങോട്ട് ചെല്ലാനാണ് ഉേദ്ദശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

സംസ്ഥാനത്തെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം ലക്ഷ്യമിട്ട് ഭൂവിതരണ ഡാഷ് ബോര്‍ഡ് ഉണ്ടാക്കാനും ആലോചിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇത് ആരംഭിക്കും. ഓരോ പ്രദേശത്തെയും പട്ടയ-ഭൂമി പ്രശ്‌നം, പരിഹാരത്തിനുള്ള തടസ്സങ്ങള്‍, നിയമപ്രശ്‌നം തുടങ്ങിയ വിവരങ്ങള്‍ റവന്യു വകുപ്പ ഉദ്യോഗസ്ഥര്‍ക്ക് ഡാഷ് ബോര്‍ഡ് വഴി രേഖപ്പെടുത്താന്‍ കഴിയും. കണ്ണൂര്‍ ജില്ലയില്‍ ഭൂമി വിതരണ പ്രശ്‌നം പരിഹരിക്കുന്നതിന് എംഎല്‍എമാരെക്കൂടി പങ്കെടുപ്പിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ഇങ്ങനെ കണ്ടെത്തുന്ന പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഭരണപരവും നിയമപരവുമായ പരിഹാര നടപടികള്‍ കൈക്കെള്ളാനാണ് ഉദ്ദേശിക്കുന്നത്. നിയമഭേദഗതികളും പുതിയ ഉത്തരവുകളും ആവശ്യമെങ്കില്‍ അതിനുള്ള നടപടികളും സ്വീകരിക്കും.

കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനം ഫിബ്രവരിയില്‍ ആരംഭിക്കും. നാല് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. റൊബോട്ടിക് ടോട്ടല്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുളള ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ റീസര്‍വ്വെ നടത്തുക. ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രോണ്‍ സംവിധാനവും സര്‍വ്വെക്കായി ഉപയോഗപ്പെടുത്തും. ഇതിനായുള്ള ടവര്‍ സ്ഥാപിക്കുന്നതിനുള്ള പരിശോധന കണ്ണൂര്‍ ജില്ലയിലും നടന്നുവരുന്നു. ആറ് മാസം കൊണ്ട് 200 വില്ലേജ് എന്ന രീതിയിലാണ് ഇത് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

നെല്‍വയല്‍ നികത്തുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഏറ്റവും ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്. വയല്‍ നികത്തുന്നത് തടയാനുള്ള നടപടികള്‍ ശക്തമാക്കും. തരംമാറ്റത്തിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ തീരുമാനം സുതാര്യമാക്കുന്നതിനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

പ്രത്യേക അദാലത്തുകള്‍ നടത്തി ഈ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ചില ഏജന്റുമാര്‍ രംഗത്ത് വരുന്നതായി ശ്രദ്ധതില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാരെ കര്‍ശനമായി നേരിടും. റവന്യുവകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരെ ഒരു കാരണവശാലും അനുവദിക്കില്ല. ഇങ്ങനെയുള്ള അപേക്ഷകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളും ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ ക ദിവാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. നേരത്തെ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം കെ ക ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സര്‍വ്വെ, പട്ടയ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Also Read :   ഡ്രൈവർ അറിയാതെ നിർത്തിയിട്ടിരുന്ന ലോറിയിൽ കയറിക്കിടന്ന് ഉറങ്ങിയ ബാലൻ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!