മലയാളത്തിന്റെ മുഖശ്രീ മോനിഷ വിടപറഞ്ഞിട്ട് 29 വർഷങ്ങൾ. 1992ലാണ് കാര്‍ അപകടത്തില്‍ മോനിഷ മരിക്കുന്നത്. മോനിഷയും അമ്മയും തിരുവന്തപുരത്തു നിന്ന് എറണാകുളത്ത് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലക്കേറ്റ ക്ഷതം മൂലം മോനിഷ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളിത്തനിമയോടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് മോനിഷ. ഒരുപിടി മികച്ച സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ ഈ ലോകത്ത് നിന്ന് യാത്രയായത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ.
ഇരുവരും ഒന്നിച്ചഭിനയിച്ച കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനത്തിലെ ഏതാനും വരികൾക്കൊപ്പമായിരുന്നു നടന്റെ പോസ്റ്റ്. “നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു”.. പ്രിയ സുഹൃത്തേ മോനിഷാ…ദീപ്തമായ സ്മരണകളോടെ പ്രണാമം”, എന്നാണ് താരം കുറിച്ചത്. ചുരുങ്ങിയ കാലം ദേശീയ, സംസ്ഥാന പുരസ്കാരം മോനിഷ നേടിയിരുന്നു. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക