ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ പറ്റിച്ച് പണം തട്ടിയ പ്രതിയെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഡെറിക് ആന്റണിയാണ് പിടിയിലായത്. കലവൂർ വോൾഗ ജംക്ഷന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന മണ്ണഞ്ചേരി സ്വദേശിനി മിനിയെയാണ് ഡെറിക് പറ്റിച്ചത്.
2000 രൂപ സമ്മാനാർഹമായ കാരുണ്യ ലോട്ടറിയുടെ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 500 രൂപയുടെ ലോട്ടറിയും 1500 രൂപയുമാണ് ഇയാൾ വാങ്ങിയത്. കാറിൽ വന്നയാളാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കൂടുതൽ ലോട്ടറി വാങ്ങുകയും സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ കളർ കോപ്പിയെടുത്ത് കാറിൽ സഞ്ചരിച്ച് വ്യാപകമായി തട്ടിപ്പ് നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് എസ്ഐ കെ ആർ ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക