കുറച്ചുകാലം മുന്‍പുവരെ തമിഴ് ഒഴികെയുള്ള മറുഭാഷകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആഗ്രഹമില്ലായ്മ വെളിപ്പെടുത്തിയിരുന്ന നടനായിരുന്നു ഫഹദ് ഫാസില്‍. അല്ലു അര്ജുന് നായകനായെത്തുന്ന ‘പുഷ്പ’യില്‍ പ്രതിനായകനാണ് ഫഹദ്.
ഡിസംബര്‍ 17ന് തിയറ്ററുകളിലെത്താനൊരുങ്ങിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ അല്ലുവിന് നേരിടേണ്ടിവന്ന ഒരു പ്രധാന ചോദ്യം ഫഹദിനെക്കുറിച്ചായിരുന്നു. എന്തുകൊണ്ടാണ് ഫഹദിനെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഇന്ത്യ ഗ്ലിറ്റ്സ് അഭിമുഖത്തില്‍ അല്ലു അര്ജുന് ഇങ്ങനെ പറയുന്നു…
“ഫഹദ് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ സ്ക്രീനില്‍ കണ്ടുതന്നെ അറിയണം. പുഷ്പയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിനായി എനിക്ക് വെറുമൊരു നടനെ പോരായിരുന്നു. നല്ല നടന്മാര് ഒരുപാട് പേരുണ്ട്. മറിച്ച് താരം കൂടിയായ ഒരാളെയാണ് എനിക്ക് വേണ്ടിയിരുന്നത്. നായകനെ തടുക്കാന്‍ ആരുമില്ല എന്ന ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി.
നായകനെ താഴെയിറക്കാന്‍ ഒരാള്‍ വേണം. അതാണ് ആ കഥാപാത്രം. അതിനാല്‍ എനിക്ക് താരപരിവേഷമുള്ള ഒരു നടനെ വേണമായിരുന്നു. ഒരു നല്ല നടന് മാത്രമല്ല. താരപരിവേഷമുള്ള നല്ല നടന് വേണമായിരുന്നു. ഫഹദ് ഹീറോയാണ്. മലയാളത്തിലും തമിഴിലും പ്രേക്ഷകപ്രീതിയുള്ള ആളാണ്.
എല്ലാവര്ക്കും വലിയ ഇഷ്ടമുള്ള നടനുമാണ്. വളരെ പാഷനേറ്റ് ആയിട്ടുള്ള, മികച്ച നടനാണ് അദ്ദേഹം. ഫഹദ് വന്നാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭാഗ്യത്തിന് ഈ കഥാപാത്രവും കഥയുമൊക്കെ അദ്ദേഹത്തിനും ഇഷ്ടമായി. സുകുമാര്‍ സാറിനെ വലിയ ബഹുമാനവുമാണ് ഫഹദിന്. അങ്ങനെ അദ്ദേഹം ഈ പ്രോജക്റ്റിലേക്ക് എത്തുകയായിരുന്നു. പുഷ്പയിലേക്ക് അദ്ദേഹത്തെ ലഭിച്ചു എന്നത് വളരെ ഗുണമായി”, അല്ലു അര്ജുന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക