താനെ: അമ്പത് രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്തുവയസുകാരനായ മകനെ അച്ഛന് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്ലുവും കുടുംബവും താമസിക്കുന്നത്. അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമേറ്റ ബാലന് സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ ബാലന് തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്സാക്ഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക