കോട്ടയം : പ്രേക്ഷകര്‍ നെഞ്ചേറ്റിയ മലയാള ചലച്ചിത്രം മിന്നല്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്ന സമാന സംഭവങ്ങള്‍ കോട്ടയം കുമരകത്തും.
കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ജനാലകളും വാതിലും അടിച്ച് തകര്‍ത്ത് ‘മിന്നല്‍ മുരളി ഒറിജിനല്‍’ . ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്ക്കല് മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.
കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു.
ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ വച്ച് അക്രമികളെ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് പൊലീസുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക