കുട്ടികൾക്കുള്ള വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായി. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്സിനെടുക്കാന്‍ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വാക്സിനേഷന് ശേഷം കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്സിന് എടുത്താല്‍ മതി. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. വാക്സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. 65,000ത്തോളം ഡോസ് കോ വാക്സിന് സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്സിനേഷന് സുഗമമാക്കുന്നതിന് എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക