കൊല്ലം: ‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു (വിസ്മയ)…’’ വിസ്മയ കുഞ്ഞുമായി നിൽക്കുന്ന, ജീവൻതുടിക്കുന്ന ചിത്രം കണ്ടപ്പോൾ അമ്മ സജിതയുടെ വാക്കുകളിൽ നൊമ്പരം. സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത വിസ്മയ, ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ.
കഴിഞ്ഞ ജൂൺ 21-നായിരുന്നു വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗർഭിണിയായിരുന്നു.
സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ചിത്രം നിലമേൽ കൈതോട്ടെ വിസ്മയയുടെ വീട്ടിൽ ലഭിച്ചു. വിസ്മയയുടെ കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ചിത്രം വീട്ടിലെത്തിയത്.
ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളിൽ മകളുടെ ചിത്രംമാത്രം കാണേണ്ടിവന്നതോർത്തുള്ള
സങ്കടംകൂടി. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി
അജിലയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക