അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏഴ് തസ്തികകളിലുള്ള 33 ജീവനക്കാരെയാണ് പരിച്ചുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതായതോടെയാണ് പിരിച്ചുവിടലെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ റിസപ്ഷനിസ്റ്റ്, എ.എൻ.എം, ലാബ് അസിസ്റ്റന്റ്, ഒ.പി. അസിസ്റ്റന്റ്, ഫിസിഷ്യൻ അസിസ്റ്റന്റ്, ബൈസ്റ്റാൻറർ, കൗൺസിലർ എന്നീ തസ്തികകളുടെ സേവനമാണ് നിർത്തലാക്കിയത്.
ഇതോടെ മുപ്പത്തിമൂന്ന് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പിരിച്ചുവിടപ്പെട്ടവരിൽ 30 പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. പിരിച്ചുവിടലിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ.
പ്രതിഷേധമറിയിച്ച് ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യോഗ്യതയില്ലാത്ത പല ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിലുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക