തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്തുപകരുന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് ജില്ല നേതൃയോഗങ്ങളില്‍ നടക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്.
വസ്തുതകളെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച ക്ഷീണത്തെ കുറിച്ച് സുധാകരന് തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലെ സുധാകരന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു.
ഈ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.
കോട്ടയത്ത് ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
കോട്ടയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കെപിസിസി രൂക്ഷമായി വിമര്ശിച്ചെന്നതരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുക മാത്രമാണുണ്ടായത്.
വിമര്‍ശനങ്ങള്‍ സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനര്‍ത്ഥം ഡിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനം മോശമാണെന്നല്ലെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക