ഉപകരണങ്ങളില്‍ ബാറ്ററി ലൈഫ് പല മടങ്ങ് വര്‍ധിപ്പിക്കാവുന്ന കളര്‍ ഇലക്ട്രോണിക് പേപ്പര്‍ ഡിസ്പ്ലേ (ഇപിഡി) ടെക്നോളജി ആപ്പിള്‍ കമ്പനി പരീക്ഷിച്ചു തുടങ്ങി.
ഭാവിയില്‍ ഇറക്കിയേക്കാവുന്ന ഐപാഡുകള്‍ക്കും മടക്കാവുന്ന ഐഫോണിലും പുറത്തെ ഡിസ്പ്ലേ ആയിട്ടായിരിക്കും ഇത് പ്രയോജനപ്പെടുത്തുക എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ വാദിക്കുന്നു.
(അടുത്തിടെയായി കുവോയുടെ പ്രവചനങ്ങള്‍ പലതും പാളിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.) ഇ ഇങ്ക് കമ്പനിയുടെ ഇപിഡിയാണ് ആപ്പിള്‍ പരീക്ഷിക്കുന്നത്.
പൊതുവേ ഉപയോഗിക്കപ്പെടുന്ന ഇപിഡി ബ്ലാക് ആന്‍ഡ് വൈറ്റാണ്. ഇബുക്ക് റീഡറുകളിലും മറ്റും ഉപയോഗിക്കുന്ന ഇവയ്ക്ക് മികച്ച ബാറ്ററി ലൈഫ് ആണ്. ആപ്പിള്‍ പരീക്ഷിക്കുന്നത് കളര്‍ ഇപിഡിയാണ്.
ഇവയ്ക്കും മികച്ച ബാറ്ററി ലൈഫ് ലഭിക്കും. ഐഫോണുകളിലും ഐപാഡുകളിലും പിടിപ്പിക്കാനുള്ള മികവ് ഇവയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഫോള്‍ഡബിൾ ഫോണ്‍, ടാബ് ഉപകരണങ്ങളുടെ ബാറ്ററി ലൈഫിന് വലിയ മാറ്റമായിരിക്കും വരിക എന്നും മറ്റു കമ്പനികളും ഇത് ഏറ്റെടുത്തേക്കുമെന്നും കരുതുന്നു.
സാധാരണ പേപ്പറില്‍ മഷി പുരണ്ടുവന്നാല് കിട്ടുന്ന അനുഭവം ഇലക്ട്രോണിക്കായി പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ഇലക്ട്രോണിക് പേപ്പര്‍ ഡിസ്പ്ലേ.
ഇപ്പോള്‍ ഫോണുകളിലും മറ്റും പ്രയോജനപ്പെടുത്തുന്ന, പ്രകാശം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, എല്‍സിഡി, ഓലെഡ് ഡിസ്പ്ലേകളെ പോലെയല്ലാതെ ഇപിഡി ചുറ്റുമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു.
ഇവയ്ക്ക് മികച്ച ദൃഷ്ടികോണും ലഭിക്കുന്നു. ഇതിലെല്ലാം ഉപരി വളരെ കുറച്ച് ബാറ്ററി ഉപയോഗിച്ചാണ് ഇപിഡി പ്രവര്‍ത്തിക്കുന്നത് എന്നതാണ് ആകര്‍ഷകം.
ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ പുറത്തിറക്കാന്‍ നേരത്തേ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതൽ കാത്തിരിക്കേണ്ടിവന്നേക്കും എന്നാണ് കുവോ പറയുന്നത്.
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണിന് 9 ഇഞ്ച് സ്ക്രീനായിരിക്കും ഉണ്ടായിരിക്കുക എന്നും കുവോ പറയുന്നു. ഇത്തരം ഉപകരണങ്ങളുടെ അകത്തെ പ്രധാന സ്ക്രീന്‍ ഓലെഡ് ആയരിക്കും.
എന്നാല്‍, നോട്ടിഫിക്കേഷന്‍, കോള്‍ മുതലായ കാര്യങ്ങള്‍ക്കു വേണ്ടി ആയിരിക്കും ഇപിഡി സ്ക്രീന്‍ പുറമെ ഉപയോഗിക്കാനുള്ള സാധ്യത ആപ്പിള്‍ ആരായുക. നേരത്തേ, 2024ല്‍ ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ ഇറങ്ങുമെന്നു പറഞ്ഞിരുന്ന കുവോ ഇപ്പോള്‍ പറയുന്നത് ഇതിനായി 2025 വരെ കാത്തിരിക്കണമെന്നാണ്.
അതേസമയം, ഫോള്‍ഡബിൾ ഫോണിനുള്ള നന്നേ നേര്‍ത്ത ഡിസ്പ്ലേ നിര്‍മിക്കാൻ കൊറിയന്‍ ഡിസ്പ്ലേ നിര്‍മാതാവായ എല്‍ജിയുമായി ആപ്പിള്‍ കരാറിലെത്തി ക്കഴിഞ്ഞിരിക്കാമെന്ന് കൊറിയന്‍ മാധ്യമമായ ദി എലക് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ പുതിയ ഡിസ്പ്ലേ, മാക്ബുക്കുകളിലും ഉപയോഗിച്ചേക്കാമെന്ന് മറ്റൊരു വിശകലന വിദഗ്ധനായ റോസ് യങും പ്രവചിക്കുന്നു.
ആപ്പിള്‍ ഉപകരണങ്ങളില്‍ നല്കുന്ന ഫീച്ചറുകളില്‍ പലതും മികച്ച പ്രകടനം നല്കുന്നു എന്നതാണ് ഉപയോക്താക്കള്‍ക്ക് അവയോട് പ്രിയം തോന്നാനുള്ള കാരണങ്ങളിലൊന്ന്.
എന്നാല്‍, ഇപ്പോള്‍ വില്പനയിലുള്ള ആപ്പിള്‍ വാച്ച് സീരീസ് 6ന്റെ ഫീച്ചറുകളലൊന്നായ കാലറി ട്രാക്കിങ് അത്ര മികച്ചതല്ലെന്ന് റിപ്പോര്‍ട്ട്. മോണ്ട്രിയല് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് അടിസ്ഥാനം.
ആപ്പിള്‍ വാച്ച് 6 മാത്രമല്ല, എനര്‍ജി എക്സ്പന്ഡിചറിന്റെ കാര്യത്തില്‍ ഫിറ്റ്ബിറ്റ് സെന്‍സ്, പോളാര്‍ വാന്റെജ് വി എന്നീ മോഡലുകളും മോശം പ്രകടനമാണ് നടത്തിയതെന്ന് പറയുന്നു.
ഈ മൂന്ന് ഉപകരണങ്ങളില്‍നിന്നു ലഭിക്കുന്ന ഡേറ്റ ആരോഗ്യ രംഗത്തെ പ്രഫഷനലുകള്‍ മുഖവിലയ്ക്ക് എടുക്കരുതെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഹൃദയമിടിപ്പു പരിശോധനയില്‍ ആപ്പിള്‍ വാച്ച് മികച്ച പ്രകടനം നടത്തുന്നു എന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക