കൊൽക്കത്ത: ഐപിഎൽ സീസണിൽ ഉജ്വല പ്രകടനം പുറത്തെടുത്താനായതിന്റെ കാരണം താരങ്ങൾ തമ്മിൽ ഏറെ ആത്മബന്ധമുള്ള ടീമിൽ കളിക്കാനായതാണെന്ന് രാജസ്ഥാൻ റോയൽസ് താരം യുസ്വേന്ദ്ര ചെഹൽ പറഞ്ഞു.
രാജസ്ഥാനായി മത്സരങ്ങൾ കളിക്കുമ്പോൾ ഫ്രാഞ്ചൈസിയെ 2008ലെ പ്രഥമ ഐപിഎൽ സീസണിൽ ചാംപ്യൻമാരാക്കിയ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ സ്വർഗത്തിലിരുന്ന് തന്റെ ബോളിങ് നോക്കിക്കാണുന്നതായി തോന്നുന്നുണ്ടെന്നും ചെഹൽ.
‘രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള എന്റെ ആദ്യ സീസണാണ് ഇത് എന്ന് എനിക്കു നന്നായി അറിയാം. പക്ഷേ, വളരെ വർഷങ്ങളായി ഇവിടെ കളിക്കുന്ന പ്രതീതിയാണ് എനിക്കുള്ളത്.
ഇപ്പോൾത്തന്നെ ഇതൊരു കുടുംബം പോലെ ആയിക്കഴിഞ്ഞു. മാനസികമായി ഏറെ ഉല്ലാസവാനാണു ഞാൻ. അതിനുള്ള കടപ്പാട് റോയൽസ് കുടുംബത്തിലെ അംഗങ്ങളോടാണ്. അവർ എല്ലാവരും എന്റെ കാര്യങ്ങൾ വളരെ നന്നായാണു നോക്കുന്നത്.
പ്ലേയിങ് ഇലവനും സഹതാരങ്ങളും മാത്രമല്ല, ടീം മാനേജ്മെന്റിന്റെ സമീപനവും ഇത്തരത്തിലാണ്. എല്ലാവരും എന്നെ ഇത്തരത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനാൽ, ഫ്രാഞ്ചൈസിയുമായുള്ള എന്റെ ബന്ധം മറ്റൊരു തലത്തിലേക്കു നീങ്ങിയിരിക്കുകയാണ്.
അതു പോലെ തന്നെ വോൺ സർ (ഷെയ്ൻ വോൺ) രാജസ്ഥാൻ റോയൽസിനായാണു കളിച്ചിരുന്നതെന്നതും എന്നെ ഈ ടീമുമായി ബന്ധിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കൊപ്പം ഉണ്ടെന്നാണു കരുതുന്നത്. സ്വർഗത്തിലിരുന്ന് അദ്ദേഹമിപ്പോൾ എന്നെ കാണുന്നുണ്ടാകും’– ഫ്രാഞ്ചൈസിക്കായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ ചെഹൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക