കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ പ്രശംസ.
മോശം തുടക്കത്തിന് ശേഷം രാജസ്ഥാന് റോയല്‍സിന് മികച്ച അടിത്തറയിട്ടതിന് സഞ്ജുവിനെ പ്രശംസിച്ചു ഇന്ത്യന്‍ മുന്‍ പരിശീലകന്.
രാജസ്ഥാന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ജോസ് ബട്ലര് വിഷമിച്ചത് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിയുടെ പ്രശംസ. എന്നാല്‍ സഞ്ജുവിന്റെ ഒരു പോരായ്മ ചൂണ്ടിക്കാട്ടുകയും ചെയ്തു അദേഹം.
‘ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാനും ഗാലറിയില്‍ പന്തെത്തിക്കാനും സഞ്ജു തയ്യാറാണ്. സ്പിന്നര്‍മാര്‍ക്കെതിരെ കാത്തുനിന്ന് കളിച്ചു.
ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അദേഹം കരുതല്‍ കാട്ടി. മനോഹരമായ ഷോട്ടുകള്‍ കളിക്കുന്നത് കാണാനായി. മികച്ച ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്.
എന്നാല്‍ ഇന്നിംഗ്സ് നീണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. ഇതാണ് എപ്പോഴും സഞ്ജുവിന്റെ പ്രശ്നം. എങ്കിലും ജോസ് ബട്ലര് വിഷമിക്കുമ്പോള്‍ സഞ്ജു ടീമിനെ കൈപിടിച്ചുയര്‍ത്തി’ എന്നും രവി ശാസ്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക