തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് (Rain) സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഞായറാഴ്ചയും ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
കേരള -ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിർദേശം. ഈ തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക