കുട്ടികളെന്നോ പ്രായമുള്ളവരെന്നോ വ്യത്യാസമില്ലാതെയാണ് ഇന്ന് അസിഡിറ്റി പലരെയും ബാധിക്കുന്നത്.തെറ്റായ ഭക്ഷണശൈലിയും കടുത്ത മാനസിക സമ്മർദ്ദവും അസിഡിറ്റിയുണ്ടാക്കും.അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.
എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം.സോഫ്റ്റ് ട്രിങ്കുകൾ മുതൽ പാൽ ഉത്പന്നങ്ങൾ വരെ അസിഡിറ്റിക്കു കാരണമാകാം.
ഭക്ഷണം കഴിച്ചശേഷം ഉടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രഥമ ലക്ഷണം.ചികിത്സ വൈകിയാൽ അസിഡിറ്റി അൾസറിൽ കലാശിച്ചേക്കാം.ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കാറുണ്ട്.ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം.പ്രാരംഭ ഘട്ടത്തിലെ അസിഡിറ്റി മറികടക്കാൻ വീട്ടിലെ ചില പൊടികൈകൾ ഉപയോഗിക്കാം.
ജീരകം -ദഹന സഹായി
ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും മികച്ചതാണ് ജീരകം. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ശേഷം അര ടീസ്പൂൺ ജീരകം കഴിക്കുന്നത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും തടയും.ജീരകം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ ഗുണം ചെയ്യും. ചായയിൽ ഒരു നുള്ള് ജീരകം ചേർത്ത് കുടിക്കാം.
കറുവാപ്പട്ട
ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ആർത്തവസമയത്തെ അസ്വസ്ഥകൾ അകറ്റാനും നല്ലൊരു പ്രതിവിധിയാണ് കറുവപ്പട്ട വെള്ളം.
അസിഡിറ്റി ഒഴിവാക്കാൻ
*എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക
*കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക
*ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക
*അമ്ലത്വം അടങ്ങിയ ചെറുനാരങ്ങ,ഓറഞ്ച് എന്നിവ ഒഴിവാക്കുക
*ഭക്ഷണം കഴിച്ചയുടൻ ഉറങ്ങരുത്
*ചായ,കാപ്പി,ലഹരി എന്നിവ ഒഴിവാക്കുക
*ധാരാളം വെള്ളം കുടിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക