മകളുടെ കാമുകനായ പത്താം ക്ലാസുകാരനെ മർദ്ദിച്ച് ചെവി മുറിച്ചയാൾ പിടിയിൽ. അസമിലെ ടിൻസുകിയയിലാണ് സംഭവം. ആൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് കൗമാരക്കാരനെ കെട്ടിയിട്ട് മർദ്ദിക്കുകയും ഇരു ചെവികളും മുറിച്ചെടുക്കുകയുമായിരുന്നു.
പ്രായപൂർത്തിയാവാത്ത മകളും 10ആം ക്ലാസുകാരനുമായുള്ള പ്രണയബന്ധത്തെ പെൺകുട്ടിയുടെ പിതാവ് എതിർത്തിരുന്നു. ഇതിനിടെ തന്റെ വീട്ടിൽ കൗമാരക്കാരൻ മകളെ സന്ദർശിക്കാനെത്തിയത് ഇയാൾ കണ്ടു.
തുടർന്ന് ആൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് ചെവി മുറിയ്ക്കുകയായിരുന്നു. മോഷ്ടിക്കാനെത്തിയ ആളെന്ന അവകാശവാദവുമായി ഇയാൾ തന്നെയാണ് പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക