ഭക്ഷണരീതിയും വ്യായാമക്കുറവും മൂലം ജീവിതശൈലീരോഗങ്ങൾ ഇന്ന് സാധാരണമായിരിക്കുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങൾ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിൻതുടർന്നാൽ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും.
പലരും നടത്തമാണ് ഒരു പ്രധാന വ്യായാമമായി കണക്കാക്കുന്നത്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതൽ ഗുണകരം എന്നത് പലർക്കും ഉള്ള സംശയമാണ്, അതിന് ഒരുത്തരം നൽകുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഭക്ഷണശേഷം അൽപമൊന്നു നടക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും എന്ന് പറയാറുണ്ട്. എന്നാൽ അതുമാത്രമല്ല ഏതുഭക്ഷണം കഴിച്ചതിനുശേഷവും അൽപമൊന്നു നടക്കുന്നത് ബ്ലഡ് ഷുഗർ നില കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഇതിലൂടെ ടൈപ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനുള്ളിൽ നടക്കുന്നതാണ് മികച്ച ഫലം നൽകുക എന്നും ഗവേഷകർ പറയുന്നു.
ആയാസ രഹിതമായി ഏതുസമയത്തു നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഭക്ഷണം കഴിച്ച് ആദ്യ അറുപത്-തൊണ്ണൂറ് മിനിറ്റിനുള്ളിൽ ബ്ലഡ് ഷുഗർ നില കൂടാനുള്ള സാധ്യത ഏറെയാണെന്നും അതിനാൽ ഈ സമയത്ത് നടക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തൽ. സ്പോർട്സ് മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏഴു പഠനങ്ങൾ നടത്തി അവയിൽ നിന്നുള്ള കണ്ടെത്തലാണ് പുറത്തുവന്നത്. പ്രീഡയബറ്റിക് ആയവരോ ടൈപ് 2 ഡയബറ്റിക് ആയവരോ ഇല്ലാതെയാണ് അഞ്ച് പഠനങ്ങൾ നടത്തിയത്. ബാക്കി രണ്ടു പഠനങ്ങളിൽ ഇത്തരം അസുഖങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും ഉൾപ്പെടുത്തി. പഠനത്തിൽ പങ്കാളികളായവരോട് ദിവസത്തിൽ പലസമയങ്ങളിലായി നിൽക്കാനും നടക്കാനുമൊക്കെ ആവശ്യപ്പെട്ടു.
ഭക്ഷണശേഷം നടന്നവരിൽ ബ്ലഡ്ഷുഗർ നിലയിലുണ്ടായ മാറ്റവും രേഖപ്പെടുത്തി. ഏറെനേരം ഒരിടത്തുമാത്രം ചടഞ്ഞുകൂടി ഇരിക്കരുതെന്ന് ഓർമപ്പെടുത്തുന്നതാണ് പഠനം. വീട്ടിലെ ചെറിയ ജോലികളിൽ മുഴുകിയെങ്കിലും ശരീരത്തെ സജീവമാക്കി നിലനിർത്തണം. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്കെഴുന്നേറ്റ് രണ്ടോ മൂന്നോ മിനിറ്റെങ്കിലും നടക്കുന്നതും ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.
നേരത്തേയും സമാനമായ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഒരുദിവസത്തിൽ മറ്റേത് സമയത്തു നടക്കുന്നതിനേക്കാൾ ഭക്ഷണശേഷം പത്തുമിനിറ്റ് നടക്കുന്നത് ഗുണം ചെയ്യുമെന്ന് 2016ൽ പുറത്തുവന്ന പഠനം വ്യക്തമാക്കിയിരുന്നു. 2011ൽ ഇന്റർനാഷണൽ ജേർണൽ ഓഫ് ജനറൽ മെഡിസിനിലും സമാനമായ കണ്ടെത്തൽ വന്നിരുന്നു. ഭക്ഷണത്തിന് തൊട്ടുപിന്നാലെ അൽപനേരം നടക്കുന്നത് വണ്ണംകുറയ്ക്കാൻ സഹായകമാണ് എന്നതായിരുന്നു അത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക