Home KERALA അന്ന് ഈ നാട്ടിൽ കുറെ കുഴികൾ ഉണ്ടാവും എന്നൊന്നും ചിന്തിച്ചല്ല. കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ...

അന്ന് ഈ നാട്ടിൽ കുറെ കുഴികൾ ഉണ്ടാവും എന്നൊന്നും ചിന്തിച്ചല്ല. കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ കുഴികളും അതേ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമുണ്ട്; എല്ലാം ഒരുമിച്ച് അങ്ങ് സംഭവിക്കുകയായിരുന്നു; കുഞ്ചാക്കോ ബോബൻ

റോഡിലെ കുഴികൾക്ക് വേണ്ടി കോടതിയിൽ ശബ്ദം ഉയർത്തിയ കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ ഇപ്പോൾ സാധാരണക്കാരന്റെ പ്രതിനിധി ആവുകയാണ്. ആരാണ് യഥാർഥ കള്ളൻ എന്ന സംശയം പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നു പറയുന്ന കുഞ്ചാക്കോ ബോബൻ തന്റെ ചിത്രത്തിന്റെ ഏറ്റവും പുതിയ വിജയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഒരു ഇടവേളയ്ക്കുശേഷം തിരിച്ചു വന്നപ്പോൾ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. അതിൽ നെഗറ്റീവ് സ്വഭാവമുള്ളതും, ഹ്യൂമറുള്ളതും, സാധാരണക്കാരന്റെ വേഷവും ഒക്കെ ഉണ്ടായിരുന്നു.

അള്ളു രാമചന്ദ്രൻ, അഞ്ചാം പാതിരാ, വൈറസ് പോലെയുള്ള ചില ചിത്രങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള എന്റെയൊരു രൂപമാറ്റവും കഥാപാത്രത്തിന്റെ വ്യത്യസ്തതയും കുറച്ചുകൂടി വലിയതോതിൽ ആളുകളിലേക്ക് എത്തിപ്പെട്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഈ വരവിൽ കിട്ടിയത് അത്രയും അങ്ങനെയുള്ള വേഷങ്ങളായത് കൊണ്ടു തന്നെ റൊമാന്റിക് ഇമേജ് പതിയെ മാറുന്നുണ്ടായിരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തിയപ്പോൾ എന്നെ ആകർഷിച്ചതും ഇതേ ഘടകങ്ങൾ ഒക്കെ തന്നെയാണ്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ ഏകദേശരൂപമാണ് കഥയായി രതീഷ് എന്നോട് ആദ്യം പറയുന്നത്. അന്ന് അതെനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ല.

ഗൗരവമേറിയ ഒരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പടി ചേർത്ത് പറഞ്ഞപ്പോൾ പ്രേക്ഷകരിലേക്ക് എങ്ങനെയാണത് എത്തിയത് എന്നും ആ സിനിമയിലൂടെ ഞാൻ നേരിട്ട് കണ്ടറിഞ്ഞു.

അതിനുശേഷം അദ്ദേഹത്തോട് എന്നെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ അങ്ങോട്ടു വിളിച്ച് ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഒരു കഥയുടെ ത്രെഡ് പറഞ്ഞു.

അത് സ്ക്രിപ്റ്റ് രൂപത്തിലേക്ക് അല്ലെങ്കിൽ സ്ക്രീൻപ്ലേ രൂപത്തിലേക്ക് വരുമ്പോൾ അതിന് പ്രകടമായ ഒരു മാറ്റം വരുമെന്നും അക്കാര്യത്തിന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചകളും ഉണ്ടാവില്ലെന്നുമുള്ള വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

കഥ പറയുമ്പോൾ തന്നെ ഞാൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും എന്നും അത് മറ്റൊരു പുതിയ തരത്തിലാവും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.

സ്ക്രിപ്റ്റിന്റെ രൂപത്തിലും ഡയലോഗിന്റെ രൂപത്തിലും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം എന്ന ഓപ്ഷൻസും അദ്ദേഹം തന്നിരുന്നു. അവയെല്ലാം എനിക്ക് കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്താൽ മതി എന്നും പറഞ്ഞു. ഇത് തുടക്കത്തിൽ പറഞ്ഞതുകൊണ്ട് തന്നെയാണ് കൊഴുമ്മൽ രാജീവൻ രൂപപ്പെട്ടത്.

കഥയും, അതിന്റെ പശ്ചാത്തലവും, അത് അവതരിപ്പിച്ച ശൈലിയിലും, ഒപ്പം എന്റെ വേഷത്തിലും എല്ലാം ഒരു പുതുമ ഞാൻ അനുഭവിച്ചതും അസ്വദിച്ചതുമായ ഒരു ചിത്രമാണിത്. എല്ലാ തരത്തിലും വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വരാതെ നേരിട്ട് തിയറ്ററിൽ റിലീസ് ചെയ്യണം എന്ന് ചിന്തിച്ചിരുന്നു. ആ ആഗ്രഹത്തിന് പുറത്ത് ഒരുപാട് കഷ്ടപ്പെടുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു. ഈയൊരു പ്രത്യേക സമയത്ത് ഇറക്കണമെന്ന തീരുമാനം ഒന്നുമില്ലായിരുന്നു.

Also Read :   പത്തുവർഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി ഡൽഹി ഐ.ഐ.ടി

ചിലപ്പോൾ ഓണത്തിന് അല്ലെങ്കിൽ അതിനു മുൻപ് എന്നു ചിന്തിച്ചു. അന്ന് ഈ നാട്ടിൽ കുറെ കുഴികൾ ഉണ്ടാവും എന്നൊന്നും ചിന്തിച്ചല്ല. കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ കുഴികളും അതേ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമുണ്ട്.

നമ്മുടെ നാട്ടിൽ ഇപ്പോൾ ഇങ്ങനെ ഒരു വിഷയം ഇത്രമേൽ ചർച്ചയാകും എന്നോ ആ സമയത്ത് തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നോ, എന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം വരുമെന്നോ ഒന്നും ആരും പ്രതീക്ഷിച്ചതല്ല. എല്ലാം ഒരുമിച്ച് അങ്ങ് സംഭവിക്കുകയായിരുന്നു എന്നു പറയാം.

ഇതിനിടയിൽ ആരോ തമാശ രൂപത്തിൽ ചോദിച്ചു ‘ചേട്ടൻ ശരിക്കും ഇല്ലുമിനാറ്റിയുടെ അംഗമാണോ, എല്ലാം കറക്റ്റ് ആയിട്ട് ഇങ്ങനെ തന്നെ സംഭവിക്കുന്നു’ എന്നൊക്കെ. പക്ഷേ ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തതോ അറിഞ്ഞതോ അല്ല എന്നതാണ് സത്യം.

ഈ കഥ രതീഷ് എന്നോട് പറഞ്ഞിട്ട് തന്നെ വർഷങ്ങളായി. മറ്റൊരു സംസ്ഥാനത്ത് നടന്ന ഒരു വിഷയത്തെയാണ് രതീഷ് തന്റെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഒരു പത്രവാർത്തയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കഥ. എന്നാൽ പിന്നീട് അതിൽ ഒരുപാട് ആലോചിച്ച്, ഒരുപാട് മാറ്റങ്ങൾ വരുത്തി.

അപ്പോൾ മുതൽ ചിത്രം തിയറ്ററിൽ തന്നെ കൊണ്ടുവരണമെന്ന് ഞങ്ങൾ എല്ലാവരും ഒരേപോലെ ആഗ്രഹിച്ചു. വേണമെങ്കിൽ ഒരു ഓടിടി പ്ലാറ്റ്ഫോമിലേക്ക് വേണ്ടി ഒരുക്കാമായിരുന്നു.

അത് ഞങ്ങൾ വേണ്ട എന്നു വച്ചു കാത്തിരുന്ന് പുറത്ത് തിരക്കിയപ്പോൾ, ഇപ്പോഴത്തെ രീതിക്ക് വേണ്ടി ഒരുക്കിയതാണത് എന്ന് പറയുന്നത് തന്നെ വലിയൊരു അതിശയോക്തിയാണ്.

അങ്ങനെയാണെങ്കിൽ രതീഷ് ദീർഘവീക്ഷണമുള്ള ഒരാളാണ്, അല്ലെങ്കിൽ ഒരു ജോത്സ്യൻ ആണ് എന്നുകൂടി പറയേണ്ടിവരും. ഇതെല്ലാം അങ്ങനെ സംഭവിച്ചു എന്ന് മാത്രം.