ദുബായ്: പരുക്കു കാരണം പാക്കിസ്ഥാന്റെ യുവ പേസർ ഷഹീൻ ഷാ അഫ്രീദി ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. ഏഷ്യാ കപ്പ് തുടങ്ങുന്നതിനു തൊട്ടുമുൻപാണു താരത്തിനു പരുക്കേറ്റത്.
കളിക്കുന്നില്ലെങ്കിലും പാക്കിസ്ഥാൻ ടീമിനൊപ്പം യുഎഇയിൽ തുടരുകയാണ് ഷഹീൻ അഫ്രീദി. ഏഷ്യാ കപ്പിലെ പോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ അഞ്ചു വിക്കറ്റിനു തോൽപിക്കുകയും ചെയ്തു.
കാൽമുട്ടിനു പരുക്കേറ്റ അഫ്രീദിയുടെ അഭാവം പാക്കിസ്ഥാൻ ടീമിന്റെ ഏഷ്യാ കപ്പിലെ പ്രകടനത്തെ ബാധിച്ചതായാണു ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തൽ.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അഫ്രീദി കളിക്കാത്തതു നല്ല കാര്യമാണെന്ന് താരത്തോടു തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ഇന്ത്യൻ ആരാധകൻ. സംഭവത്തിന്റെ വിഡിയോയും ഇൻസ്റ്റഗ്രാമിൽ പുറത്തുവന്നു.
‘നിങ്ങൾ കളിക്കാത്തതു നന്നായി, രക്ഷപെട്ടു’ എന്നാണ് ഒരു ആരാധകൻ ഷഹീൻ അഫ്രീദിയോടു പറയുന്നത്. മറുപടിയായി ചിരിക്കുക മാത്രമാണു താരം ചെയ്യുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് ആരാധകനോടൊപ്പം അഫ്രീദി ഫോട്ടോയ്ക്കും പോസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക