അങ്ങനെ ഡോറയുടെ ഫോട്ടോ തപ്പിപ്പിടിച്ച് പൂക്കൾ ചേർത്ത് ഡോറയുടെ പൂക്കളമിട്ടു, മാത്രവുമല്ല ഓണത്തിന് ഞങ്ങൾ ‘ഡോറോണം’ എന്ന് പേരുമിട്ടു. ഓണാഘോഷത്തെ കുറിച്ച് പറയുകയാണ് ഗായിക സയനോര .
ചെറുപ്പത്തിൽ ഡാഡിയുടെ തറവാട്ടിൽ എല്ലാ കസിൻസുമായി ഒരുമിച്ചു താമസിക്കുമ്പോൾ ആഘോഷിച്ച ഓണം ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം.
എല്ലവരും കൂടി തൊടിയിൽ ഇറങ്ങി തുമ്പപ്പൂവ്, കാക്കപ്പൂവ് ഇങ്ങനെയുള്ള പൂക്കളൊക്കെ ശേഖരിച്ച് ഒരുപാട് പച്ച ഇലകളുമൊക്ക ചേർത്ത് പൂക്കളമിടും. അന്നൊക്കെ ഒരുപാട് തുമ്പപ്പൂവ് കിട്ടാറുണ്ടായിരുന്നു.
വലിയ ചേട്ടന്മാരും ചേച്ചിമാരും പൂക്കളത്തിന്റെ ഡിസൈൻ തയ്യാറാക്കും. ഞങ്ങൾ കുട്ടികൾ പൂക്കൾ ശേഖരിക്കും. കസിൻസുമായി ചേർന്ന് പൂക്കളമിടുന്നതാണ് ഓണത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓർമ. ഇക്കാലത്ത് തുമ്പപ്പൂവ് കാണാനില്ലല്ലോ.
മകൾ കാർട്ടൂൺ താരം ഡോറയുടെ വലിയൊരു ഫാന്‍ ആണ്. ഒരു ദിവസം ഓണത്തിന് പൂക്കളം ഇടാൻ പ്ലാൻ ചെയ്യുമ്പോൾ ഡോറയുടെ പൂക്കളം ഇട്ടാലോ എന്നു തോന്നി.
അങ്ങനെ ഡോറയുടെ ഫോട്ടോ തപ്പിപ്പിടിച്ച് പൂക്കൾ ചേർത്ത് ഡോറയുടെ പൂക്കളമിട്ടു. മാത്രവുമല്ല ഓണത്തിന് ഞങ്ങൾ ‘ഡോറോണം’ എന്ന് പേരുമിട്ടു. മോൾക്ക് ഭയങ്കര സന്തോഷമായിരുന്നു.
ഓരോ വർഷവും കടന്നുപോകുന്നതിന് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങളും മാറുന്നുണ്ട്. ഞങ്ങൾ ഓണത്തിനിടുന്ന പൂക്കളം ജീവിതവുമായി ബന്ധപ്പെട്ട ഓരോ ഡിസൈൻ ആയിരിക്കും.
കോവിഡിന്റെ ദുരിതകാലം കഴിഞ്ഞു വീണ്ടും ഒരു ഓണക്കാലം വരികയാണ്. എല്ലാവരും ജീവിതം ആഘോഷമാക്കൂ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക