ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ലാത്ത ഒരു അമ്പലത്തിനെപ്പറ്റി കേട്ടിട്ടുണ്ടോ? കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം ഇത്തരം നിരവധി പ്രത്യേകതകൾ കൊണ്ട് നിറഞ്ഞതാണ്. ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട് ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം.
കിഴക്കേ ഗോപുരകവാടം മുതൽ പടിഞ്ഞാറേക്ക് ഗണപതി ആൽത്തറയും പിന്നെ രണ്ട് ആൽത്തറകളും(കിഴക്ക്, പടിഞ്ഞാറ്) കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്ര നിർമ്മിതി. ഹൈന്ദവ ധർമത്തിലെ “ഈശ്വരൻ” എന്ന് പറയപ്പെടുന്ന “പരമാത്മാവ്” അഥവാ അരൂപിയായ “നിർഗുണ പരബ്രഹ്മമാണ് ഇവിടുത്തെ ആരാധനാമൂർത്തി. ഇതിൽ മഹാവിഷ്ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു.
ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കൽപം.
ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്. ആൽത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.
വർഷംതോറും മിഥുനം ഒന്ന്, രണ്ട് തീയതികളിൽ നടത്തിവരുന്ന ഓച്ചിറകളിയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക