ആലപ്പുഴ: മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു.
മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി. തുറവൂർ താലൂക്ക് ആശുപത്രിയിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ കുത്തിയതോട് പറയകാട് ഇടമുറി ശശിധരൻ (72) ബുധനാഴ്ചയാണു മരിച്ചത്.
ഓഗസ്റ്റ് 21ന് ആണു ശശിധരനു പൂച്ചയുടെ കടിയേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മണിക്കൂർ നിരീക്ഷിച്ച ശേഷം ശശിധരനെ തിരിച്ചയച്ചു. തുറവൂരിൽ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു. സ്ഥിതി മെച്ചപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകളും ഒട്ടേറെത്തവണ സ്കാനിങ്ങും നടത്തി.
7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക