അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ചാവേറിന്റെ മോഷൻ ടീസർ പുറത്ത് വിട്ടു. കുഞ്ചാക്കോ ബോബനും അന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ചാവേറിന്റെ ടൈറ്റിൽ പോസ്റ്ററിന് മോഷൻ ഗ്രാഫിക്സ് നൽകി അതിനോടൊപ്പം കുഞ്ചാക്കോ ബോബന്റെ ചെറിയ ഒരു രംഗവും ഉൾപ്പെടുത്തിയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മോഷൻ ടീസർ പുറത്ത് വിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ സംവിധായകൻ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. അരുൺ നാരയണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അരുണ്‍ നാരായണ്‍നും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിന്‍റോ ജോര്‍ജാണ്.