തിരുവനന്തപുരം: ദുരൂഹസാചര്യത്തില്‍ മരിച്ച സംവിധായിക നയനാ സൂര്യന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയാകാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയമുണ്ടാക്കാൻ കഴിയാത്തതാണെന്നും ഇത് കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു.
നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും മരണസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്ത ഡോ. ശശികലയെ ശനിയാഴ്ചയാണ് കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. നയനയുടേത് കൊലപാതകംതന്നെയെന്ന് ഉറപ്പിക്കാവുന്ന വിവരങ്ങളാണ് ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയത്.
കേസ് അന്വേഷിച്ച പൊലീസ് തന്റേതെന്ന പേരിൽ രേഖപ്പെടുത്തിയ മൊഴി താൻ പറഞ്ഞ കാര്യങ്ങളല്ലെന്നും അവർ പറഞ്ഞു. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും തിരിച്ചറിഞ്ഞിരുന്നു.
കൊലപാതക സൂചന ഉണ്ടായിരുന്നതിനാലാണ് താൻ മരണം നടന്ന സ്ഥലം സന്ദർശിച്ചത്. കഴുത്തിലേതടക്കം പല മുറിവുകളും ഒരാൾക്കു സ്വയമേൽപ്പിക്കാൻ കഴിയുന്നതായിരുന്നില്ല. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്സിയോഫീലിയ’ എന്ന അവസ്ഥ അതിവിദൂര സാധ്യത മാത്രമായാണ് അന്ന് താൻ പരാമർശിച്ചിരുന്നതെന്നും അവർ പറഞ്ഞു.
നയനയുടെ ശരീരത്തിലെ മുറിവുകളുടെ വിശദാംശങ്ങളും കൊലപാതക സാധ്യതയും ഉൾപ്പെടെ താൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയാണ് പൊലീസ് മൊഴി തയാറാക്കിയതെന്ന് ഡോ. ശശികല അടുത്തിടെ മാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക