നമ്മുടെ നിത്യജീവിതത്തില്‍ ചായയ്ക്കുള്ള പങ്ക് എടുത്ത് പറയേണ്ടതില്ല. മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയോട് കൂടിയാണ്. അല്പം ഉന്മേഷക്കുറവോ, മടുപ്പോ, നിരാശയോ തോന്നിയാല്‍ പോലും നാം ആദ്യം ആശ്രയിക്കുക ചായയെ ആണ്. കേവലം ഒരു പാനീയം എന്നതില്‍ കവിഞ്ഞ് സംസ്കാരത്തിന്റെ ഭാഗമായിത്തന്നെ ചായയെ കാണേണ്ടിവരും.
കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ ചായ ഒഴിവാക്കുന്നത് കാണാറുണ്ട്. അങ്ങനെയെങ്കില്‍ ചായ അനാരോഗ്യകരമാണെന്ന് കരുതേണ്ടിവരില്ലേ? ചായ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒരു കോട്ടവും വരുത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ പഞ്ചസാരയുടെ ഉപയോഗവും ജാഗ്രതയോടെ മതി. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ചായയെ അകറ്റിനിര്‍ത്തേണ്ടി വരില്ല. ഏതായാലും ഈ ചായദിനത്തില്‍ ചായയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുള്ള ചില അശാസ്ത്രീയമായ വാദങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.
ഒന്ന്…
ചായയില്‍ പാല് ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് നന്നല്ലെന്ന് വാദിക്കുന്നവരുണ്ട്. അതുപോലെ തന്നെ പാല് ചേര്‍ക്കുന്നതോടുകൂടി ചായയുടെ ഗുണങ്ങള്‍ നഷ്ടമാകുമെന്നും ചിലര്‍ വാദിക്കാറുണ്ട്. ഈ രണ്ട് വാദങ്ങളും സത്യമല്ല. പാല് ചേര്‍ക്കുന്നു എന്നതുകൊണ്ട് തേയിലയുടെ ഗുണങ്ങള്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. പാല് ചേര്‍ത്ത് ചായ കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളിയുമല്ല. എന്നാല്‍ ചായ അമിതമായി കഴിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
രണ്ട്…
ചായയ്ക്ക് ‘എക്സ്പെയറി ഡെയ്റ്റ്’ ഇല്ല, അഥവാ തേയില കേടുവരാത്ത ഒന്നാണ് എന്ന് പലരും ധരിക്കാറുണ്ട്. അത് സത്യമല്ല. തേയിലയും ഒരു സമയം കഴിഞ്ഞാല്‍- അതല്ലെങ്കില്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലെല്ലാം ചീത്തയായിപ്പോകുന്നത് തന്നെയാണ്. തേയിലയുടെ പ്രകൃതിദത്തമായ ഗന്ധത്തില്‍ വ്യത്യസ്തമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ തേയില ചീത്തയായതായി മനസിലാക്കാം. പ്രധാനമായും ഗന്ധത്തിലെ വ്യത്യാസത്തിലൂടെ തന്നെയാണ് ഇത് മനസിലാവുക.
മൂന്ന്…
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീയെ ധാരാളമായി ആശ്രയിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ കഴിച്ചത് കൊണ്ട് മാത്രം വണ്ണം കുറയ്ക്കാനാകില്ല. ഡയറ്റ്- വ്യായാമം പോലുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം ചെയ്യേണ്ടതുണ്ട്.
നാല്…
ചായയിലടങ്ങിയിരിക്കുന്ന ‘കഫീന്‍’ ഒഴിവാക്കുന്നതിനായി ‘ഡീ- കഫിനേറ്റഡ്’ തേയില വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഈ ‘ഡീ-കഫിനേറ്റഡ്’ തേയിലയിലും ഒരളവ് വരെ ‘കഫീന്‍’ അടങ്ങിയിരിക്കുന്നു എന്ന് എത്ര പേര്‍ക്കറിയാം?
ഒരു കപ്പ് ചായയാണ് ഇതുവച്ച് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ഉദ്ദേശം 2-10 മില്ലിഗ്രാം വരെ ‘കഫീന്‍’ കാണുമത്രേ.
അഞ്ച്…
ചായ പലപ്പോഴും നിര്‍ജലീകരണത്തിലേക്ക് വഴിവയ്ക്കുമെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്ന ഒരു വ്യക്തിയില്‍ ചായ നിര്‍ജലീകരണം ഉണ്ടാക്കില്ല. അതേസമയം വെള്ളം കുടിക്കുന്നത് കുറവാണെങ്കില്‍ അതുമൂലം നിര്‍ജലീകരണം സംഭവിക്കാം. ചായ അമിതമായാലും നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക