ഹൈദരാബാദ്: തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ശ്രീനിവാസ റാവു തന്നെ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. വിവിധ തെലുങ്ക് മാധ്യമങ്ങൾക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് താരം വാർത്ത നിഷേധിച്ചത്. തന്നെക്കുറിച്ചുള്ള വാർത്തകൾ സങ്കടകരവും അസത്യവുമാണെന്ന് ശ്രീനിവാസ റാവു വീഡിയോയിൽ പറയുന്നു.
തെലുങ്കിൽ മാത്രമല്ല, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച നടനാണ് കോട്ട ശ്രീനിവാസ റാവു. “ഉഗാദി ഉത്സവത്തിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് എനിക്ക് നിരവധി ഫോൺ കോളുകൾ വന്നു. പത്ത് പോലീസുകാർ എന്റെ വീടിന് മുന്നിൽ വന്നു. അപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഇത്തരം വാർത്തകൾ നാട്ടുകാർ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം വളരെ സങ്കടകരമാണ്,” റാവു വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോട്ട ശ്രീനിവാസ റാവു മരിച്ചുവെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നത്. ഇതിനു പിന്നാലെ ചില തെലുങ്ക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ തനിക്ക് ഒരു അസുഖവും ഇല്ലെന്നാണ് പുതിയ വീഡിയോയിൽ ശ്രീനിവാസ റാവു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക