അട്ടപ്പാടി മധു വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെ കോടതി മാറ്റി നിര്‍ത്തി. ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ. മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.
മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.
സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവം വരുന്നത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളാണ് കേസില്‍ ഉള്ളത്. 127 സാക്ഷികളില്‍ 24 പേര് വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.
സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക