സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതിനേടിയ നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഐശ്വര്യ പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്. സംഗതി ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കിയപ്പോൾ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.
ഐശ്വര്യ രാജേഷ് രശ്മിക മന്ദാനയെക്കുറിച്ച് പറഞ്ഞ പ്രസ്താവനയാണ് വിവാദമായത്. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിൽ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തെക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. രശ്മികയേക്കാൾ ആ കഥാപാത്രം തനിക്കായിരുന്നു കൂടുതൽ യോജിക്കുകയെന്നാണ് ഐശ്വര്യ പറഞ്ഞത്. ഇതോടെ രൂക്ഷമായ വിമര്ശനമാണ് നടിക്കെതിരെ ഉയർന്നത്. രശ്മിക മന്ദാനയുടെ ആരാധകരും ട്രോളുകളുമായി ഐശ്വര്യയ്ക്കു നേരെ എത്തി. ഇപ്പോഴിതാ ഈ വിവാദത്തിൽ സമൂഹമാധ്യമത്തിലൂടെ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.
തെലുങ്ക് സിനിമയിൽ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാൻ എന്ന ചോദ്യത്തിന് പുഷ്പയിൽ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയിൽ പറഞ്ഞു.
‘‘ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകൾ ആ വരി എടുത്തത്. രശ്മിക പുഷ്പയിൽ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം.’’ഐശ്വര്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക