കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് തിരിച്ചടി. കേസില്‍ ഉണ്ണി മുകുന്ദന് വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിനെതിരേ ഉണ്ണി മുകുന്ദന് നല്കിയ ഹര്‍ജി തള്ളി. വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ഉണ്ണി മുകുന്ദന് അറിയിച്ചു.
കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന് ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.
യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക