കമ്പം: അരിക്കൊമ്പന് പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണമായത് ഒരു ഡ്രോണെന്ന് റിപ്പോര്‍ട്ട്. ഒരു പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോണ്‍ എത്തിയതാണ് ആന പരിഭ്രാന്തനാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രോണ്‍ പറത്തിയ ആളെ പൊലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബർ ആണ് പിടിയിലായത്.
അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുന്നതിനായി നാളെ രണ്ടാം അരിക്കൊമ്പന് ദൗത്യം നടക്കും. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണന്‍, ഡോ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. കൊമ്പനെ പിടികൂടി മേഘമല വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം.
അരിക്കൊമ്പന് വീണ്ടും തമിഴ്നാട്ടിലെ ജനവാസമേഖലയിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പനെ നാളെ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം. വനത്തിലേക്ക് തന്നെ ആനയെ തുരത്താനാണ് തമിഴ്നാട് വനംവകുപ്പിന്റെ നിലവിലെ തീരുമാനം. ഇതിനായി കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക