തണുപ്പ് കാലത്ത് എല്ലുകൾക്ക് ബലം കിട്ടാനായി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. എല്ലുകൾക്ക് ബലക്കുറവ് സംഭവിക്കുന്ന ഓസ്റ്റിയോ പൈറോസിസ് തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഇതിൽ മാറ്റങ്ങൾ വരുത്താനായി വിറ്റാമിനുകളും മിനറുകളും ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് നാം ചെയ്യേണ്ടത്.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. കാത്സ്യക്കുറവ് നാഡീ വേദന, നാഡീസംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളുടെയും പേശികളുടെയും ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാത്സ്യമടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഈ പട്ടികയിൽ ആദ്യം വരുന്നത് പാൽ ആണ്. പാലും പാലുൽപന്നങ്ങളായ ചീസ്, യോഗർട്ട് തുടങ്ങിയ പാലുൽപന്നങ്ങളിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും. പോഷകങ്ങൾ ധാരാളമായി അടങ്ങിയ ഇലക്കറികൾ ആണ് ഈ പട്ടികയിൽ രണ്ടാമതായി ഉൾപ്പെടുത്തേണ്ടത്. കാൽസ്യം ധാരാളം അടങ്ങിയ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
മത്സ്യമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്നത്. വൈറ്റമിൻ ഡിയും, ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ സാൽമൺ ഫിഷ് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഇ, മാംഗനീസ് എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കാൽസ്യം ധാരാളം അടങ്ങിയ എള്ള്, ചീയ പോലുള്ള വിത്തിനങ്ങളും എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാവുന്നതാണ്. വിറ്റാമിൻ സിയോടൊപ്പം കാൽസ്യവും ധാരാളമായി അടങ്ങിയ ഓറഞ്ച് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി കഴിക്കാവുന്ന മറ്റൊന്നാണ് ബീൻസ്. സോയാബീൻസ്, ഗ്രീൻ ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക