10 ഷോട്ടുകളിൽ ചിത്രീകരിച്ച ‘ഇരുട്ടുമല താഴ്വാരം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിംഗിൾ ലെൻസിൽ പ്രധാനമായും 10 ഷോട്ടുകളിൽ ആയി ചിത്രീകരിച്ച പരീക്ഷണ ചിത്രമാണ് ഇരുട്ടുമല താഴ്വാരം. വയനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് കൊടിയേറ്റ കർഷകരായ ക്രിസ്ത്യൻ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം റോബിൻ, റോയ് എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ്. ബോധി പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മകൾക്കൊപ്പം താമസിക്കുന്ന റോബിനും അമ്മയ്ക്കൊപ്പം താമസിക്കുന്ന റോയും ആണ് ഇതിലെ കഥാപാത്രങ്ങൾ. റോയ് വിവാഹമാലോചിക്കുന്ന പെൺകുട്ടികളെല്ലാം മരണപ്പെടുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റോബിനും ആണ് ഇതിലെ കഥാപാത്രങ്ങൾ. ഇരുവരും ഒരു ദിവസം കാട്ടിൽ മുയലിനെ കെണിവെച്ചു പിടിക്കാൻ പോകുന്നതും അതുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളുമാണ് ഇരുട്ടുമല താഴ്വാരം എന്ന ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെ;
“ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഞങ്ങൾ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല. കാരണം ഈ സിനിമ പറയുന്ന ഭീകരത എല്ലാ മനുഷ്യർക്കും കണക്ട് ആകുന്നതാണ്. അതിന് പ്രത്യേകിച്ച് ഒരു സംഭവം ചൂണ്ടിക്കാണിക്കേണ്ടതില്ല”.
പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം 35 എം എം സിംഗിൾ ലെൻസിൽ ആണ് മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്.വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തും ചിത്രീകരിച്ച സിനിമയിൽ ദൈർഘ്യമേറിയ പത്തു ഷോട്ടുകൾ ആണ് ഉള്ളത്. മാധ്യമപ്രവർത്തകനായിരുന്ന ബോധി പ്രകാശ് തിരക്കഥയും എഡിറ്റിംഗ് നിർവഹിച്ച സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഓർഗാനിക് മേക്കർസ് എന്ന കൂട്ടായ്മയാണ് നിർമ്മിച്ചിരിക്കുന്നത്.
നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ സെലക്ഷൻ കിട്ടിയ ചിത്രം 15 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പുതുമുഖ താരങ്ങളായ അജേഷ്, എബിൻ, സുമേഷ് മോഹൻ, വിപിൻ ജോസ്, ലിഖിൻ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട് ,രജീഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞദിവസം തൃശ്ശൂരിൽ വച്ച് നടന്ന പ്രിവ്യൂ ഷോയിൽ മികച്ച അഭിപ്രായം നേടിയ സിനിമ ഫെസ്റ്റിവൽ റണ്ണിനു ശേഷം ഡിസംബറിൽ ഒടിടിയിൽ റിലീസ് ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക