നമ്മുടെ ഭക്ഷണശീലങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളെല്ലാം സവാളയിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിന്റെ വ്യാപനം തടയാനും അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നിവയിൽ നിന്നും മുക്തി നേടാനുമൊക്കെ സവാള സഹായിക്കും.
എന്നാൽ സവാള പാചകത്തിനായി തൊലി കളയുമ്പോൾ അതിൽ പൂപ്പൽ പിടിച്ചതു പോലെ കറുപ്പുനിറത്തിലുള്ള പാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയവും പലർക്കും കാണും. ഇതിന്റെ സത്യാവസ്ഥയെ കുറിച്ചും ഇത്തരം കറുപ്പ് പാടുകളുള്ള ഈ സവാളകൾ ഭക്ഷ്യയോഗ്യമാണോ എന്നും ഡോ. ഡാനിഷ് സലിം വിശദീകരിക്കുന്നു.
“അസ്പെർഗിലസ് നൈഗർ എന്നൊരു ഫംഗസ് ആണ് ഇത്. ഇവ സാധാരണഗതിയിൽ അപകടകാരിയല്ല. കഴിച്ചതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ല. എന്നാലും ഇത്തരം പാടുകൾ കാണുന്നുണ്ടെങ്കിൽ നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്,” ഡാനിഷ് സലിം പറയുന്നു.
“സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുണ്ടോ? എന്നതാണ് മറ്റു പലർക്കുമുള്ള സംശയം. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഈർപ്പം തട്ടി ഇതുപോലെ അസ്പെർഗിലസ് നൈഗർ എന്ന ഫംഗസ് കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കഴുകി ഉപയോഗിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ,” ഡാനിഷ് സലിം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക