പഴ വർഗങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഫൈബറുകള്‍ സമൃദ്ധമായുള്ള പഴങ്ങള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ പഴങ്ങളുടെ ഗുണം ശരിയായ രീതിയില്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ അത് ശരിയായ സമയത്ത്, ശരിയായ വിധത്തില്‍ കഴിക്കണമെന്ന് ആയുര്‍വേദം പറയുന്നു. പാലുത്പന്നങ്ങളുടെയോ പച്ചക്കറിയുടെയോ മാംസത്തിന്റെയോ മറ്റ് ഭക്ഷണവിഭവങ്ങളുടെയോ ഒപ്പം പഴങ്ങള്‍ കഴിക്കരുതെന്നും ആയുര്‍വേദം അനുശാസിക്കുന്നു.
മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിച്ച് ശരീരത്തിന് ഊര്‍ജം നല്കുന്നവയാണ് പഴങ്ങള്‍. എന്നാല്‍ ഇവ ശരിയായി കഴിച്ചില്ലെങ്കിൽ ദഹനപ്രക്രിയയെ താളം തെറ്റിച്ച് ശരീരത്തില്‍ വിഷാംശം ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. പഴങ്ങളിലെ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും ഇത് തടസ്സമാകും.
പഴങ്ങള്‍ പാകം ചെയ്ത് കഴിക്കരുതെന്നും ആയുര്വേദാചാര്യന്മാര് പറയുന്നു. പഴങ്ങളിലെ പോഷണങ്ങള്‍ അവ പാകം ചെയ്താല്‍ നഷ്ടമാകും. പഴം കഴിക്കാന്‍ അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിലാണെന്നും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അഭിപ്രായപ്പെടുന്നു. ഈ സമയത്ത് വയറിന് പരമാവധി പോഷകങ്ങള്‍ പഴത്തില്‍ നിന്ന് വലിച്ചെടുക്കാനാകും. കൊഴുപ്പ്, പ്രോട്ടീന്‍, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സന്ധ്യാസമയത്തിന് ശേഷം കഴിക്കുന്നതാകും നല്ലത്.
ബ്രെഡ്, നട്ട് ബട്ടർ, ചോക്ലേറ്റ് അല്ലെങ്കിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ എന്നിവയുമായി പഴങ്ങൾ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്ന മറ്റ് ഭക്ഷണങ്ങൾക്കൊപ്പമോ ശേഷമോ പഴങ്ങൾ കഴിക്കുകയാണെങ്കിൽ ഗ്യാസിനും വീക്കത്തിനും കാരണമാകും. മിക്ക പഴങ്ങളും ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കുന്നതാണ് നല്ലത്.
പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ വിശപ്പ് നിയന്ത്രിക്കാനും പഴങ്ങള്‍ ഉപയോഗിക്കാം. അനാരോഗ്യകരമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിന് പകരം പഴങ്ങള്‍ ഏതെങ്കിലും സമയത്ത് കഴിക്കേണ്ടതാണ്.
മധുരമുള്ള പഴങ്ങൾ ഉച്ചകഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്. പുളിയുള്ള പഴങ്ങൾ രാവിലെ കഴിക്കുക. ചൂട് സീസണിൽ ഫ്രഷായ പഴങ്ങളും തണുത്ത സീസണിൽ ഉണങ്ങിയതോ വേവിച്ചതോ ആയ പഴങ്ങളുമാണ് നല്ലത്. ഉറങ്ങുന്നതിനോട് അടുപ്പിച്ച സമയത്ത് പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക