ചോറിനോടൊപ്പം കഴിക്കാൻ എരിവും പുളിയും മധുരവും എല്ലാം ഉള്ള ഒരു ഉള്ളി കറി റെഡിയാക്കിയാലോ. വളരെ ടേസ്റ്റി ആയ ഈ ഉള്ളി കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നോക്കിയാലോ.
ഇതിനായി ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. ഇനി ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുക് ഇട്ട് പൊട്ടിക്കാം. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് വലിയ ജീരകം കൂടി ചേർത്തു കൊടുക്കാം. കുറച്ച് ഇഞ്ചിയും അഞ്ചോ ആറോ അല്ലി വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. വെളുത്തുള്ളി നല്ലതുപോലെ വാടി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് ചെറിയ ഉള്ളി വൃത്തിയാക്കി എടുത്തത് കൂടി ചേർത്തു കൊടുക്കണം. രണ്ട് പച്ചമുളക് കൂടി ചേർത്തു കൊടുക്കാം.
ഇത് നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് കൂടി ചേർക്കാം. പാകത്തിന് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും എരുവിന് ആവശ്യമായ മുളകുപൊടിയും അല്പം മല്ലിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ ഇതിലേക്ക് ഒരു നാരങ്ങയുടെ വലിപ്പമുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞൊഴിക്കാം. കുറച്ച് വെള്ളം കൂടി ചേർത്തു കൊടുക്കാം.
ഒരു ശർക്കരയുടെ പകുതി കൂടി ചിരകിയെടുത്ത് ചേർത്തു കൊടുക്കാം. നല്ലതുപോലെ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് കുറച്ച് കറിവേപ്പില കൂടി ഇട്ടതിനുശേഷം രണ്ടു മിനിറ്റ് മൂടി വയ്ക്കാം. ചോറിന്റെ കൂടെ ഈ ഒരു കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക