നടി ലക്ഷ്മി മേനോനുമായുള്ള വിവാഹവാർത്തയുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരണവുമായി തമിഴ് താരം വിശാൽ രംഗത്തെത്തി. താനും ലക്ഷ്മി മേനോനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വിധത്തിലുള്ള സത്യവും ഇല്ലെന്നും ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാനടിയായതിനാലും ആണ് താൻ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത് എന്നും വിശാൽ പ്രതികരിച്ചു.
തെന്നിന്ത്യൻ സിനിമാതാരമായ ലക്ഷ്മി മേനോനും തമിഴ് താരം വിശാലം അടുത്തമാസം വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് വിശാൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
” സാധാരണ ഞാൻ ഇത്തരം വ്യാജവാർത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാൻ വിവാഹം കഴിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവും ഇല്ല. ഒരു പെൺകുട്ടിയുടെ പേര് ഇതിൽ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാനടി ആയതിനാലും ആണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിലാണ് കടന്നു കയറിയത്. ഭാവിയിൽ ഞാൻ ഏതു വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും”.
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തമിഴിൽ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ. ദിലീപിന്റെ നായികയായി അവതാരം എന്ന സിനിമയിൽ അഭിനയിച്ച ലക്ഷ്മി കുംകി, സുന്ദര പാണ്ഡ്യൻ, മിരുതൻ, വേതാളം എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചു. അജിത്ത് നായകനായ വേതാളം എന്ന സിനിമയ്ക്ക് ശേഷം സിനിമാരംഗത്ത് നിന്നും വിട്ടുനിന്ന താരം പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
നിലവിൽ വീണ്ടും സിനിമയിൽ സജീവമായ താരം ബോലാശങ്കർ, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം 2019ൽ അനീഷ എന്ന യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങി പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക