പോഷകങ്ങളുടെ കലവറയാണ് ബദാം. ദിവസവും പരിമിതമായ അളവിൽ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം പോലുള്ള അവശ്യ പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്. എന്നാല്‍ ബദാം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.
ബദാമില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ കരളിന്റേതുൾപ്പെടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ അമിതമായ ഉപയോഗം അല്ലെങ്കില്‍ ശരിയായ രീതിയില്‍ അല്ലാത്ത ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ബദാമിൽ നല്ല തോതില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, എന്നാല്‍ ഇവ കൂടുതല്‍ കഴിക്കുന്നത് അമിതമായ കലോറി ഉപഭോഗത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
ബദാം അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയിൽ അസ്വസ്ഥത ഉണ്ടാക്കുകയും വയറുവേദന, ഗ്യാസ്, വയറു വീർക്കല്‍ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ബദാമിൽ ഓക്സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും വൃക്കയില്‍ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.
സാധാരണയായി ഒരു ദിവസം 5 മുതൽ 7 വരെ ബദാം കഴിക്കുന്നത് ഗുണകരമാണ്. ഇത്രയും എണ്ണം ബദാം നിങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതവും ഗുണകരവുമാണ്. അമിതമായി ബദാം കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ ശരിയായ അളവിൽ കഴിയ്ക്കേണ്ടത് പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക