എന്നും ദോശയ്ക്ക് ചട്നി ഉണ്ടാക്കി മടുത്തവർക്ക് ഇതാ ഒരു പുതിയ വിഭവം. ദോശയ്ക്ക് കിടിലൻ കോമ്പിനേഷൻ ആയ ഒരു തക്കാളി ചമ്മന്തി ആണ് ഇനി പറയുന്നത്. അതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഒരു തക്കാളി അരിഞ്ഞതും ഒരു സവാള അരിഞ്ഞതും കുറച്ച് പച്ചമുളകും രണ്ടല്ലി വെളുത്തുള്ളി, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കണം.
ഇനി ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. കുറച്ച് മുളകുപൊടിയും ഒരു നുള്ള് കായപ്പൊടിയും ഒരു നുള്ള് മാത്രം പഞ്ചസാരയും ചേർത്ത് പച്ച മണം മാറുന്നതുവരെ ഇളക്കി യോജിപ്പിക്കണം. നല്ലതുപോലെ മൂത്ത് വന്നതിനുശേഷം അടുപ്പിൽ നിന്നും മാറ്റി വെക്കാം. ഇത് ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കണം.
മറ്റൊരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കണം. നല്ലതുപോലെ പൊട്ടി കഴിയുമ്പോൾ അരച്ചുവെച്ച് ചട്നി ഇതിലിട്ട് നല്ലതുപോലെ ഇളക്കി എടുക്കണം. എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കി കൊടുക്കാം. ദോശയുടെ കിടിലൻ കോമ്പിനേഷൻ തക്കാളി ചമ്മന്തി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക