ജെയിംസ് കാമറൂണിന്റെ ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ടൈറ്റാനിക്കില്‍ നടി കേറ്റ് വിന്‍സ്ലെറ്റ് ധരിച്ച ഓവർകോട്ട് ലേലത്തിന്. 2023 സെപ്റ്റംബര്‍ 13ന് ഓക്ഷന് കമ്പനിയായ ഗോള്‍ഡിനാണ് വസ്ത്രം ഓണ്‍ലൈനില്‍ ലേലത്തിന് വയ്ക്കുക. വെള്ളിയാഴ്ച രാത്രി വരെ 34,000 ഡോളറായിരുന്നു വസ്ത്രത്തിന്റെ ലേലത്തുക.
ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു. പഴയ കാലത്തെ ഫാഷനെ സൂചിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ഫ്ളോറല്‍ എംബ്രോയിഡറിയാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയിലെ അവസാന രംഗങ്ങളില്‍ റോസ് ധരിച്ചിരുന്നത് ഈ പിങ്ക് ഓവര്‍കോട്ടാണ്. സിനിമയിലെ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജാക്ക് എന്ന കഥാപാത്രത്തെ രക്ഷിക്കുന്ന രംഗങ്ങളിലാണ് ഈ കോട്ട് കാണാന്‍ സാധിക്കുക.
വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്പന ചെയ്യ്തത്, ഡെബോറ ലിന് സ്കോട്ടാണ്. ആ വര്‍ഷത്തെ മികച്ച വസത്രാലങ്കാരത്തിനുള്ള ഓസ്കറും ടൈറ്റാനിക്കിന് ഡെബോറ ലിന് സ്കോട്ടിന് ലഭിക്കുകയുണ്ടായി. സ്കോട്ടിന്റെ രൂപകല്പനയെ അടിസ്ഥാനമാക്കി ജെ പീറ്റര്മാനാണ് കേറ്റിന്റെ കഥാപാത്രമായ റോസിന് വേണ്ടി പിങ്ക് ഓവര്‍കോട്ട് നിര്‍മ്മിച്ചത്. മനോഹരമായ കറുത്ത എംബ്രോയിഡറി വര്‍ക്കും ഓവർകോട്ടിൽ ചെയ്തിട്ടുണ്ട്.
ഓവര്‍ക്കോട്ടിന് ലേലത്തില്‍ ഒരു ലക്ഷം ഡോളറിലധികം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോള്ഡിന് ഓക്ഷന് ഹൗസിന്റെ സ്ഥാപകനും സി ഇ ഓയുമായ കെന്‍ ഗോള്ഡിന് പറയുന്നു. സിനിമകളെ കുറിച്ചുള്ള ഓര്‍മകള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും, പോപ് സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരണങ്ങള്‍ നടത്തുന്നവരും, ടൈറ്റാനിക്കിന്റെ ആരാധകരും ഓവര്‍കോട്ട് വാങ്ങിക്കുമെന്നാണ് ഗോള്‍ഡിന്റെ പറയുന്നത്. ടൈറ്റാനിക് എന്ന ഇതിഹാസ ചിത്രത്തിലെ വസ്ത്രമെന്ന പ്രത്യേകതയും കോട്ടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നാണ് ഓക്ഷന് ഹൗസിന്റെ വിശ്വാസം.
തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലവതരിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. ടെെറ്റാനിക് കപ്പൽ ദുരന്തം റോസ്-ജാക്ക് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു കാമറൂൺ. അനശ്വര പ്രണയത്തിന്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജാക്കും റോസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക