തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കല്ലമ്പലത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിറ്റായിക്കോട് സ്വദേശി രാജുവിനെ സുഹൃത്തായ സുനിൽ കൊലപ്പെടുത്തിയതാണ് എന്ന് പോലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാജുവിനെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മുങ്ങിമരണം എന്ന് സംശയിച്ച കേസിൽ സുഹൃത്ത് സുനിലിന്റെ മൊഴിയിലെ വൈരുദ്ധ്യം കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.
ബന്ധുക്കൾ രാജുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും രാജുവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. സുനിലിന്റെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയ പോലീസ് പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ മദ്യപാനത്തിനിടയുണ്ടായ തർക്കത്തിൽ രാജുവിനെ കുളത്തിൽ മുക്കി കൊല്ലുകയായിരുന്നു താനെന്ന് സുനിൽ സമ്മതിച്ചു. സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നുള്ള കാര്യവും അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക