തമിഴകത്ത് എന്നും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് നടന് വിശാല്‍. ഏറ്റവും അവസാനമായി കേട്ടത് നടി ലക്ഷ്മി മേനോനെ വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു. 2013-14 കാലഘട്ടത്തില്‍ വിശാലുമായി തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ചെയ്ത നായികയാണ് ലക്ഷ്മി. പാണ്ഡ്യ നാട്, നാന് സിഗപ്പ് മനിതന്, വാസുവും ശരവണനും ഒന്നായി പഠിച്ചവങ്കെ എന്നിവയായിരുന്ന ആ ചിത്രങ്ങള്‍. ഇതിന് ശേഷം വിശാലും ലക്ഷ്മി മേനോനും പ്രണയത്തിലാണ് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ഗോസിപ്പ് അന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അന്ന് തന്നെ താരങ്ങള്‍ നിഷേധിച്ചു.
“ഒരു പ്രയോജനവും ഇല്ലെന്ന് അറിയുന്നതിനാല്‍ സാധാരണ ഇത്തരം വ്യാജ വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ ലക്ഷ്മി മേനോനും ഞാനും വിവാഹിതരാകുന്നു എന്നതാണ് ഇപ്പോള്‍ കറങ്ങിനടക്കുന്ന വ്യാജ വാര്‍ത്ത. ഇത് ഒരു സത്യവും ഇല്ലാത്തതാണ്.
ഞാന്‍ പ്രതികരിക്കാന്‍ കാരണം ഇതില്‍ ഒരു പെണ്‍കുട്ടിയുടെ പേര് ഉള്ളതുകൊണ്ടാണ്. ഒരു നടി എന്നതിനപ്പുറം അവര്‍ ഒരു സ്ത്രീയാണ്. അവരുടെ വ്യക്തിത്വത്തെയും, സ്വകാര്യ ജീവിതത്തെയുമാണ് നിങ്ങള്‍ മോശമാക്കുന്നത്.
ഭാവിയില്‍ നടന്നേക്കാവുന്ന എന്റെ വിവാഹത്തിന്റെ സമയവും വര്‍ഷവും മറ്റും കണ്ടുപിടിക്കാന്‍ ഇത് ബര്‍മുഡ ട്രായങ്കിള്‍ ദുരൂഹതയൊന്നും അല്ല. അത് സംഭവിക്കുമ്പോള്‍ ഞാന്‍ ഔദ്യോഗികമായി അറിയിക്കും” -വിശാല്‍ എക്സ് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക