തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലിൽ ഇന്നലെ വൈകീട്ട് ആണ് സംഭവം. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴുന്നാന സ്വദേശി കെ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.
വെട്ടുകാടുള്ള ഷെൽജിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് യാത്രികർ പെട്ടെന്ന് വാഹനത്തിൽ നിന്നിറങ്ങി. അൽപസമയം കഴിയുമ്പോഴേക്കും തീ ആളി പടർന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സീനിയർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രവീന്ദ്രൻ, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ ലൈജു,രഞ്ജിത്ത്, വിഷ്ണു, ജോസ്, നവാസ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മോട്ടോർ വാഹന വകുപ്പ് അധികൃതരും കാർ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക