കണ്ണൂര്‍: ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന തന്റെ പുസ്തകം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ‘അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് താല്പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല’, കെകെ ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും തന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓർമകുറിപ്പുകൾ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. സമൂഹത്തിലെ ഫ്യൂഡൽ അനാചാരങ്ങളെയും വിവേചനങ്ങളെയും കുറിച്ചും അതിനെതിരെ നടന്ന പോരാട്ടങ്ങളെകുറിച്ചുമാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചതെന്നും ശൈലജ പറഞ്ഞു.
രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണ്ടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപ്പയും കോവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നത്. ഡല്‍ഹി കേന്ദ്രമായ ജാഗര്‍നട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
താല്പര്യമുള്ളവര് കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- കെകെ ശൈലജ കുറിച്ചു.
കെ കെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരുന്നത്. എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ലൈഫ് സ്റ്റോറീസ് എന്ന ഇലക്ടീവ് വിഷയത്തിലാണ് കെ കെ ശൈലജയുടെ പുസ്തകം ഉൾപ്പെടുത്തിയത്. ഇലക്ടിവ് വിഷയമായാണ് സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക